സ്റ്റേജില്‍ ആവശ്യമായ അകലം ക്രമീകരിച്ചിരുന്നില്ല,സുരക്ഷക്ക് കെട്ടിയത് റിബ്ബണ്‍ ; ഉമ തോമസ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയില്‍നിന്നു ഉമ തോമസ് എം.എല്‍.എ. വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വേദിയില്‍ നിന്ന് റിബ്ബണ്‍ കെട്ടിയ സ്റ്റാന്‍ഡിലേക്ക് ചാഞ്ഞുകൊണ്ട് എം.എല്‍.എ. വീഴുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

നിന്നു തിരിയാന്‍ ഇടമില്ലാത്ത രീതിയിലാണ് ഉയരത്തില്‍ വേദി ഒരുക്കിയത്. ഒരു റിബ്ബണ്‍ മാത്രമാണ് സുരക്ഷക്കായി കെട്ടിയിട്ടുണ്ടായിരുന്നത്. പരിപാടിയുടെ മുഖ്യസംഘാടകരില്‍ ഒരാളായ പൂര്‍ണിമ എം.എല്‍.എയോടൊപ്പം വരുന്നത് വീഡിയോയിലുണ്ട്. നടന്‍ സിജോയ് വര്‍ഗീസിനേയും കാണാം. ശേഷം, കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ അടുത്ത് എത്തുന്നതിന് തൊട്ടുമുമ്പാണ് ഉമ തോമസ് താഴേയ്ക്ക് വീഴുന്നത്. സ്റ്റേജില്‍ ആവശ്യമായ അകലം ക്രമീകരിച്ചിരുന്നില്ല എന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഏറെ അപകടരമായ രീതിയിലാണ് വേദി നിര്‍മിച്ചതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണ്. സ്റ്റേജ് പരിശോധിച്ച പൊതുമരാമത്ത് വകുപ്പ് റിപ്പോര്‍ട്ട് പൊലീസിന് കൈമാറിയിട്ടുണ്ട്. സ്റ്റേജ് ദുര്‍ബലമായി നിര്‍മിച്ചതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്നു വീണ് ഉമ തോമസ് എം.എല്‍.എ.യ്ക്ക് ഗുരുതര പരിക്കേറ്റത്.
തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ തുടരുന്ന ഉമ തോമസ് എം.എല്‍.എയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ ഇന്നലെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *