ഉമാ തോമസിന്റെ ശ്വാസകോശത്തിലെ ചതവു മൂലം വെന്റിലേറ്ററില്‍ തുടരും; മെഡിക്കല്‍ ബുള്ളറ്റിന്‍

കൊച്ചി: ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. എങ്കിലും ശ്വാസകോശത്തിലെ ചതവുകള്‍ മൂലം ദിവസങ്ങളോളം വെന്റിലേറ്ററില്‍ തുടരേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

തലയിലെ പരിക്ക് കൂടുതല്‍ ഗുരുതരമായിട്ടില്ലെന്നാണ് ഇന്നു രാവിലെ നടത്തിയ സി.ടി സ്‌കാന്‍ പരിശോധനയില്‍ വ്യക്തമായത്. ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ ചതവുകള്‍ അല്‍പം കൂടിയിട്ടുണ്ട്. വയറിന്റെ സ്‌കാനിലും കൂടുതല്‍ പരിക്കുകള്‍ കണ്ടെത്താനായിട്ടില്ല. വൈറ്റല്‍സ് സ്റ്റേബിള്‍ ആണെങ്കിലും ശ്വാസകോശത്തിനേറ്റ ചതവുകള്‍ മൂലം കുറച്ചുദിവസം കൂടി വെന്റിലേറ്ററില്‍ തുടരേണ്ടി വരും. ശ്വാസകോശത്തിന്റെ ചതവിനും അണുബാധയ്ക്കുമായി ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള ചികിത്സയ്ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. വിശദമായി നടത്തിയ സ്‌കാനില്‍ അണ്‍ഡിസ്പ്ലെയ്സ്ഡ് സെര്‍വിക്കല്‍ സ്പൈന്‍ ഫ്രാക്ച്വര്‍ ഉണ്ടെങ്കില്‍ കൂടി അടിയന്തരമായി ഇടപെടേണ്ട ആവശ്യമില്ലാത്തതും, രോഗിയുടെ അവസ്ഥ മെച്ചപ്പെടുന്നതിന് ശേഷം ആവശ്യമെങ്കില്‍ ചികിത്സ നടപടികള്‍ കൈക്കൊള്ളുന്നതാണ് എന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

തലച്ചോറിലെ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. സാധാരണ ഗതിയില്‍ സ്ഥിതി മോശമാവുകയാണ് ചെയ്യാറുള്ളത്, എന്നാല്‍ പരിക്ക് മാറ്റമില്ലാതെ തുടരുന്നത് ആശ്വാസകരമാണെന്ന് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ കൃഷ്ണനുണ്ണി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *