കൊച്ചി ;കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് തൃക്കാക്കര എം.എല്‍.എ ഉമാ തോമസിന് ഗുരുതരപരിക്ക്.സ്റ്റേഡിയത്തില്‍ നടക്കുന്ന നൃത്തപരിപാടിയില്‍ പങ്കെടുക്കാനാണ് ഉമാ തോമസ് എത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
സ്റ്റേജിലേക്ക് കയറുമ്പോഴാണ് അപകടം നടക്കുന്നത്. സ്റ്റേജില്‍ കൈവരിക്ക് പകരം റിബ്ബണാണ് ഉണ്ടായിരുന്നത്. ഇതില്‍ പിടിത്തം കിട്ടാതെ ഉമാ തോമസ് എം.എല്‍.എ താഴെ വീഴുകയായിരുന്നു. വീഴ്ചയില്‍ എം.എല്‍.എയുടെ തലയ്ക്കാണ് പരിക്കേറ്റത്. മൂക്കില്‍ നിന്നും വായില്‍ നിന്നും അമിതമായി രക്തം വരുന്നുണ്ടായിരുന്നു. വീഴ്ചയില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ബോധം നഷ്ടപ്പെട്ടിരുന്നു
പരിക്കേറ്റ എം.എല്‍.എ യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
നിലവില്‍ ഉമാ തോമസ് വെന്റിലേറ്ററിലാണ്. ഉമാ തോമസ് എം.എല്‍.എ.യുടെ തലച്ചോറിനും ശ്വാസകോശത്തിനും വാരിയെല്ലിനും ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തലച്ചോറിനേറ്റ ക്ഷതം കാരണമാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞശേഷം തുടര്‍ ചികിത്സകള്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

