‘പാലക്കാട് വ്യവസായിക സ്മാര്‍ട്ട് സിറ്റി പദ്ധതി; അംഗീകാരം നല്‍കി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: പാലക്കാട് ഉള്‍പ്പടെ 12 സ്ഥലങ്ങളില്‍ വ്യവസായിക സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര ഉല്‍പാദന വളര്‍ച്ച ലക്ഷ്യമിട്ട് 28,602 കോടിയിലാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് 12 സ്ഥലങ്ങളില്‍ സ്മാര്‍ട്ട്‌സിറ്റി നടപ്പാക്കുമെന്ന് അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗത്തിന് ശേഷമാണ് തീരുമാനമുണ്ടായത്.

10 സംസ്ഥാനങ്ങളില്‍ ആറ് വ്യവസായ ഇടനാഴികളുടെ ഭാഗമായാവും സ്മാര്‍ട്ട് സിറ്റി നിലവില്‍ വരിക. പാലക്കാടിന് പുറമേ ഉത്തരാഖണ്ഡിലെ ഖുര്‍പിയ, പഞ്ചാബിലെ രാജ്പുര-പട്യാല, മഹാരാഷ്ട്രയിലെ ദിഗി, യു.പിയിലെ ആഗ്രയും പ്രയാഗ്രാജും, ബിഹാറിലെ ഗയ, തെലങ്കാനയിലെ സഹീറാബാദ്, ആന്ധ്രപ്രദേശിലെ ഓര്‍കല്‍, കൊപ്പാര്‍ത്തി, രാജസ്ഥാനി?ലെ ജോധ്പൂര്‍-പാലി എന്നിവിടങ്ങളിലാവും സ്മാര്‍ട്ട്‌സിറ്റികള്‍ നിലവില്‍ വരിക.

ആഗോളനിലവാരത്തില്‍ ഗ്രീന്‍ഫീല്‍ഡ് സ്മാര്‍ട്ട്‌സിറ്റികളാവും ഇവിടെ നിര്‍മിക്കുകയെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു. സ്മാര്‍ട്ട്‌സിറ്റികളിലൂടെ 10 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങളും 30 ലക്ഷം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്മാര്‍ട്ട് സിറ്റികളില്‍ 1.52 ലക്ഷം കോടിയുടെ നിക്ഷേപവും പ്രതീക്ഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *