ഡല്‍ഹി: ഷാഹി ജുമാ മസ്ജിദ് സര്‍വേയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ സംഭല്‍ സന്ദര്‍ശിക്കാനെത്തിയ രാഹുലും പ്രിയങ്കയുമടക്കമുള്ള എം.പിമാരെ ഗാസിപുര്‍ അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞു. യാത്ര തടസ്സപ്പെടുത്തിയതോടെ പോലീസ് വാഹനത്തിലെങ്കിലും ഞങ്ങള്‍ക്ക് പോവണമെന്ന നിലപാടിലായിരുന്നു രാഹുല്‍. പക്ഷെ, പോലീസ് അനുവദിച്ചില്ല.
രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഡല്‍ഹി-യുപി അതിര്‍ത്തിയില്‍ വെച്ചുതന്നെ തടയാനായി വന്‍ സന്നാഹങ്ങളാണ് പൊലീസ് ക്രമീകരിച്ചത്. അതിര്‍ത്തികളില്‍ കൂറ്റന്‍ ബാരിക്കേഡുകള്‍ വെച്ചും പൊലീസ് സന്നാഹത്തെ വിന്യസിച്ചുമാണ് ഇരുവരെയും ഉത്തര്‍പ്രദേശില്‍ കടക്കുന്നതില്‍ നിന്നും യുപി പൊലീസ് തടഞ്ഞത്. നേരത്തെ സംഭല്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അനുവാദം ലഭിച്ചിരുന്നു. സംഭലില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
യാത്ര തടയാനായി പോലീസ് ഹൈവേ തടസ്സപ്പെടുത്തിയതോടെ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. റോഡിന് കുറുകെ ബാരിക്കേഡുകളും ട്രക്കുകളും വെച്ചാണ് റോഡ് തടസ്സപ്പെടുത്തിയത്.

