ലഖ്നൗ: പുരുഷ ടൈലര്‍മാരെയും ബാര്‍ബര്‍മാരെയും ജിം ട്രെയിനര്‍മാരെയും നിരോധിക്കണമെന്ന നിര്‍ദേശവുമായി ഉത്തര്‍പ്രദേശ് വനിത കമ്മീഷന്‍. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനും സ്ത്രീകളെ മോശം സ്പര്‍ശനത്തില്‍ നിന്നും തടയുന്നതിന് വേണ്ടിയാണ് നിര്‍ദേശമെന്നാണ് യു.പി വനിത കമീഷന്റെ വിശദീകരണം.
ജിമ്മിലെ ചൂഷണങ്ങളെ കുറിച്ച് നിരവധി വനിതകള്‍ പരാതി ഉന്നയിച്ചിട്ടുണ്ടെന്നും കമീഷന്‍ പറഞ്ഞു. തയ്യല്‍ക്കടകളില്‍ അളവെടുക്കാന്‍ വനിതകളെ തന്നെ നിയോഗിക്കണം. സ്‌കൂള്‍ ബസുകളില്‍ ഒരു വനിത ജീവനക്കാരിയെങ്കിലും വേണം.കോച്ചിങ് സെന്ററുകളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്.
ഒക്ടോബര്‍ 28ന് നടന്ന ഉത്തര്‍പ്രദേശ് വനിത കമ്മീഷന്റെ യോഗത്തിന് ശേഷം സ്ത്രീകളുടെ സുരക്ഷ വര്‍ധിപ്പിക്കാനായി നല്‍കിയ നിര്‍ദേശങ്ങളാണിവ.
സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ബബിത ചൗഹാനാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. യോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ ഇതിനെ പിന്തുണച്ചതായും അവര്‍ പറഞ്ഞു. ഇത് ഇപ്പോള്‍ ഒരു നിര്‍ദ്ദേശം മാത്രമാണെന്നും ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ വനിതാ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്നും അഗര്‍വാള്‍ പറഞ്ഞു.

