വാഷിങ്ടണ്‍: അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ സൈനിക ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ച യാത്രാ വിമാനം തകര്‍ന്ന് നദിയില്‍ വീണുണ്ടായ അപകടത്തില്‍ 18 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വിമാനത്തില്‍ മൊത്തം 60 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ആരെയും ഇതുവരെ ജീവനോടെ കണ്ടെത്താന്‍ ആയില്ല. തെരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സിആര്‍ജെ – 700 എന്ന വിമാനം നദിയിലേക്ക് വീണത്.
വൈറ്റ് ഹൗസിന്റെ അഞ്ച് കിലോമീറ്റര്‍ അകലെ വെച്ചാണ് അപകടമുണ്ടായത്. റീഗന്‍ നാഷണല്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുന്ന വിമാനവും സൈനിക ഹെലിക്കോപ്റ്ററും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അമേരിക്കന്‍ സൈന്യത്തിന്റെ യു.എച്ച് 60 ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററാണ് വിമാനവുമായി കൂട്ടിയിടിച്ചത്.