തിരുവനന്തപുരം: കാസര്‍കോട് – തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ മൂന്നര മണിക്കൂറോളം വൈകി അര്‍ധരാത്രി രണ്ടരയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. സാധാരണ എഞ്ചിന്‍ കൊണ്ടുവന്ന് വന്ദേഭാരതുമായി ബന്ധിപ്പിച്ച ശേഷമാണ് യാത്ര തുടര്‍ന്നത്. ബുധനാഴ്ച 5.30 ന് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടേണ്ട കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനാണ് മൂന്ന് മണിക്കൂറിലേറെ നേരം പിടിച്ചിട്ടത്. ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിന്ന് നീങ്ങിയ ട്രെയിന്‍ ഷൊര്‍ണൂര്‍ പാലത്തിനടുത്ത് നിര്‍ത്തുകയായിരുന്നു. മണിക്കൂറുകളോളം ഈ പാലത്തിനടുത്ത് നിന്ന ട്രെയിന്‍ പിന്നീട് സ്റ്റേഷനിലേക്ക് തിരികെ എത്തിക്കുകയും മറ്റൊരു എഞ്ചിന്‍ കൊണ്ടുവരുന്നത് വരെ കാത്തിരിക്കുകയുമായിരുന്നു.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂരില്‍ മൂന്ന് മണിക്കൂറോളം പിടിച്ചിട്ടതാണ് യാത്രക്കാരെ വലച്ചത്. കണക്ഷന്‍ സര്‍വീസുകള്‍ ലഭിക്കാഞ്ഞതോടെ തിരുവനന്തപുരം നഗരത്തില്‍ നിന്ന് പുറത്തേക്ക് പോകാനാകാതെ പല യാത്രക്കാരും വലഞ്ഞു.
ഉച്ചയ്ക്ക് രണ്ടരയ്ക്ക് കാസര്‍കോട് നിന്ന് ആരംഭിച്ച വന്ദേഭാരത് ട്രെയിന്‍ യാത്ര തിരുവനന്തപുരത്ത് അവസാനിച്ചത് അര്‍ധരാത്രി രണ്ടരയോടെയാണ്. സാങ്കേതിക പ്രശ്‌നം ട്രെയിനിന്റെ വാതില്‍ തുറക്കാന്‍ കഴിയുന്നുണ്ടായില്ല. എസിയും പ്രവര്‍ത്തിക്കുന്നില്ലായിരുന്നു. ഒന്നേകാല്‍ മണിക്കൂറിലേറെ പിടിച്ചിട്ടിട്ടും സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കഴിയാതെ വന്നതോടെയാണ് ട്രെയിന് ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് തിരികെ എത്തിച്ചത്. മൂന്ന് മണിക്കൂര്‍ നേരത്തെ അനിശ്ചിതത്വത്തിന് ശേഷം രാത്രി ഒമ്പത് മണിയോടെയാണ് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടത്.
വന്ദേ ഭാരതിന്റെ പവര്‍ സര്‍ക്യൂട്ട് തകരാറിലായതാണ് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇന്ന് കൂടുതല്‍ പരിശോധന നടത്തുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

