‘അന്നേ ഞാന്‍ പറഞ്ഞതാണ്’;അന്‍വറിന്റെ വെളിപ്പെടുത്തലോടെ ആരോപണം മുഖ്യമന്ത്രിയുടെയും ഉപജാപകസംഘത്തിന്റെയും ഗൂഢാലോചനയാണെന്ന് വ്യക്തമായി ; വി.ഡി സതീശന്‍

കല്‍പറ്റ: തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ച പി.വി. അന്‍വറിന്റെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് താന്‍ അന്നേ പറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. 150 കോടി കൈക്കൂലി വാങ്ങിയെന്ന് സതീശനെതിരെ ആരോപിച്ചത് പി. ശശി പറഞ്ഞിട്ടാണെന്നും അതിന്റെ പേരില്‍ സതീശന്‍ നേരിട്ട മാനഹാനിക്കും വിഷമത്തിനും മാപ്പുപറയുന്നുവെന്നും ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അന്‍വര്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രി അറിയാതെ എം.എല്‍.എ.യ്ക്ക് ആരോപണം ഉന്നയിക്കാനാകില്ല. അന്‍വറിന്റെ വെളിപ്പെടുത്തലോടെ അന്നത്തെ ആരോപണം മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപകസംഘത്തിന്റെയും ഗൂഢാലോചനയാണെന്ന് വ്യക്തമായി.

‘പ്രതിപക്ഷ നേതാവായ എനിക്കെതിരെ മുഖ്യമന്ത്രി അറിയാതെ ഒരു ഭരണകക്ഷി നേതാവ് ഇത്തരം ആരോപണം ഉന്നയിക്കില്ലെന്ന് ഉറപ്പാണ്. ഇക്കാര്യം ഞാന്‍ അന്നുതന്നെ വ്യക്തമാക്കിയിരുന്നു. അന്‍വര്‍ സി.പി.എം നേതാക്കള്‍ക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നിലും സി.പി.എമ്മിലെ തന്നെ ചില നേതാക്കളാണുള്ളത് എന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *