തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകും എന്നതുകൊണ്ടാണ് ചര്‍ച്ച ചെയ്യാതിരുന്നത്. ഹൈകോടതിയില്‍ കേസുണ്ടെന്നാണ് സ്പീക്കര്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ ഹൈകോടതി ഉള്‍പ്പെടെ വിവിധ കോടതികള്‍ പരിഗണിക്കുന്നതിനിടെ സോളര്‍ കേസ് എത്ര തവണയാണ് നിയമസഭ ചര്‍ച്ച ചെയ്തതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് നിയമസഭയില്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ വേറെ ഏതെങ്കിലും രീതിയില്‍ കൊണ്ടുവരണമെന്ന് സ്പീക്കര്‍ തന്നെയാണ് നിര്‍ദേശിച്ചത്. അപ്പോള്‍ ചോദ്യം ചോദിക്കാനും സമ്മതിക്കില്ല അടിയന്തര പ്രമേയവും അനുവദിക്കില്ല. സര്‍ക്കാരല്ല സ്പീക്കറാണ് തീരുമാനം എടുത്തതെന്നാണ് സ്പീക്കര്‍ പറഞ്ഞത്. അതു പുതിയ അറിവാണ്. സ്പീക്കര്‍ തന്നെയാണ് തീരുമാനം എടുക്കേണ്ടത്. സ്പീക്കറുടെ തീരുമാനം കീഴ് വഴക്കത്തിന് വിരുദ്ധമാണ്. സ്ത്രീകളെ ഗൗരവതരമായി ബാധിക്കുന്ന വിഷയം നിയമസഭയില്‍ അല്ലാതെ എവിടെയാണ് ചര്‍ച്ച ചെയ്യേണ്ടതെന്നു മുഖ്യമന്ത്രിയോട് ചോദിച്ചതാണ്.
ലാവ്ലിന് കേസ് എത്ര തവണ നിയമസഭ ചര്‍ച്ച ചെയ്തിട്ടുണ്ട്. നിയമസഭ കൗരവ സഭയായി മാറുകയാണ്. റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിട്ടില്ലെന്നും വി ഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
നാലര വര്‍ഷമാണ് റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ കയ്യില്‍ ഇരുന്നത്. ഗുരുതര കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. പോക്സോ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. ലൈംഗിക കുറ്റകൃത്യം നടന്നെന്ന് അറിഞ്ഞിട്ടും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയില്ലെങ്കില്‍ പോക്സോ നിയമത്തിലെ സെക്ഷന്‍ 21, ബി.എന്‍.എസ്.എസിന്റെ 199 (സി) അനുസരിച്ചും അത് ഒളിച്ചു വച്ചവര്‍ക്ക് ആറു മാസത്തെ തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. റിപ്പോര്‍ട്ട് ഒളിച്ചു വച്ചതിലൂടെ മന്ത്രിമാരും ഉദ്യോഗസ്ഥരും ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നത്. അന്വഷിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷമുള്ള വെളിപ്പെടുത്തലുകളെ കുറിച്ചു മാത്രമാണ് അന്വേഷണ സംഘം അന്വേഷിക്കുന്നത്.
ഇരകളായ സ്ത്രീകളുടെ ആത്മവിശ്വാസം കൂട്ടുന്നതിന് വേണ്ടിയാണ് വനിത ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സംഘത്തെ അന്വേഷണത്തിന് നിയോഗിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ അന്വേഷണ സംഘത്തില്‍ സര്‍ക്കാര്‍ പുരുഷ ഓഫീസര്‍മാരെയും ഉള്‍പ്പെടുത്തി. സര്‍ക്കാര്‍ നല്‍കേണ്ട ആത്മവിശ്വാസമാണ് ഇതിലൂടെ ഇല്ലാതായത്. ആരും മൊഴി കൊടുക്കാന്‍ വരുന്നില്ല എന്നാണ് സര്‍ക്കാര്‍ വാദം. സാധാരണക്കാരായ സ്ത്രീകള്‍ക്ക് ആത്മവിശ്വാസം സര്‍ക്കാര്‍ നല്‍കണമായിരുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയില്ല. അങ്ങനെ ഒരു ഉറപ്പ് നല്കിയിരുന്നുവെങ്കില് പരാതി നല്കാന് ആളുകള്‍ ക്യൂ നില്‍ക്കുമായിരുന്നുവെന്നും വി ഡി സതീശന് കൂട്ടിച്ചേര്‍ത്തു.

