തിരുവനന്തപുരം: ആര്‍എസ്എസുമായി എഡിജിപി എം.ആര്‍. അജിത് കുമാര്‍ ചര്‍ച്ചനടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എന്തിനാണ് അജിത് കുമാറിനെ മുഖ്യമന്ത്രി അങ്ങോട്ടയച്ചതെന്നും സതീശന്‍ ചോദിച്ചു.
‘2023 മെയ് 20 മുതല്‍ 22 വരെ തൃശ്ശൂര്‍ പാറമേക്കാവ് വിദ്യാമന്ദിര്‍ സ്‌കൂളില്‍വെച്ച് ആര്‍എസ്എസിന്റെ ക്യാമ്പ് നടന്നിരുന്നു. ആ ക്യാമ്പില്‍ ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെ പങ്കെടുത്തിരുന്നു. അയാളെ കാണാന്‍ എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി പറഞ്ഞയച്ചിരുന്നോ’, മുഖ്യമന്ത്രി മറുപടി പറയണമെന്ന് സതീശന്‍ പറഞ്ഞു.
ഹോട്ടല്‍ ഹയാത്തില്‍ സ്വന്തം കാര്‍ പാര്‍ക്ക് ചെയ്തശേഷം മറ്റൊരു സ്വകാര്യ കാറിലാണ് എഡിജിപി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കാണാന്‍ പോയത്. ഒരു മണിക്കൂര്‍ ഇരുവരും കൂടിക്കാഴ്ച നടത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വഴി മുഖ്യമന്ത്രി എന്ത് കാര്യമാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയോട് സംവദിച്ചതെന്ന് അറിയണം. ഏത് വിഷയം തീര്‍ക്കാനാണ് ഇവര്‍ ചര്‍ച്ചനടത്തിയത്. തിരുവനന്തപുരത്തുള്ള ഒരു ആര്‍എസ്എസ് നേതാവാണ് ഇതില്‍ ഇടനില നിന്നത്. ആ ബന്ധമാണ് തൃശ്ശൂരില്‍ പിന്നീട് തുടര്‍ന്നത്. തൃശ്ശൂര്‍ പൂരം പോലീസ് കലക്കിയെന്നുള്ള ഗുരുതര ആരോപണം ഇപ്പോള്‍ ഭരണപക്ഷത്തുനിന്നുതന്നെ സമ്മതിച്ചിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.തൃശ്ശൂര്‍പൂരം അജിത് കുമാറിനെ വെച്ച് കലക്കിയതിന് പിന്നിലും മുഖ്യമന്ത്രിയാണെന്നും സതീശന്‍ ആരോപിച്ചു.
