കൊച്ചി: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് വോട്ടുകുറഞ്ഞതില്‍ ഏറ്റവും സങ്കടപ്പെടുന്നയാള്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കഴിഞ്ഞതവണ ഇ.ശ്രീധരന് കിട്ടിയ വോട്ടുകളാണ് ഇത്തവണ രാഹുല്‍ മാങ്കൂട്ടത്തിലിന് കിട്ടിയതെന്നും അതെല്ലാം എസ്.ഡി.പി.ഐ.യുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ടുകളാണോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
‘പാലക്കാട് 50000 ഉണ്ടായിരുന്ന സിപിഎമ്മിന്റെ വോട്ട് 39000 ആയി കുറഞ്ഞു. അപ്പോഴാണ് സിപിഎം വോട്ട് കൂടിയെന്ന് പറയുന്നത്. മുഖ്യമന്ത്രി അത് പറയുമെന്ന് വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന് പ്രസംഗം എഴുതിക്കൊടുക്കുന്ന ആരാണ് അദ്ദേഹത്തെക്കൊണ്ട് ഇത്ര പരിഹാസ്യമായ കാര്യങ്ങള്‍ പറയിപ്പിക്കുന്നത്. ബിജെപിയുടെ വോട്ടാണ് കുറഞ്ഞത്. അതില്‍ ഏറ്റവും സങ്കടം മുഖ്യമന്ത്രി പിണറായി വിജയനാണ്.’- പ്രതിപക്ഷ നേതാവ് പറഞ്ഞു.
ബി.ജെ.പിക്കും ഇ.ശ്രീധരനും പോയ വലിയൊരു ശതമാനം വോട്ടാണ് രാഹുലിന് കിട്ടിയത്. ഇ.ശ്രീധരന് പോയ വോട്ട് എസ്.ഡി.പി.ഐ.യുടേതും ജമാഅത്തെ ഇസ്ലാമിയുടേതുമാണോ. സി.പി.എം. പാലക്കാട് ദയനീയമായി മൂന്നാംസ്ഥാനത്തേക്ക് പോയെന്ന് അവര്‍ മനസിലാക്കണം. ചേലക്കരയില്‍ ഭൂരിപക്ഷം കുറഞ്ഞു. 75000 വോട്ട് വയനാട്ടില്‍ കുറഞ്ഞു. എന്നിട്ടും ഭരണവിരുദ്ധ വികാരമില്ലെന്നാണ് പറയുന്നത്. അങ്ങനെ അവര്‍ വിശ്വസിക്കുകയാണെങ്കില്‍ വിശ്വസിച്ചോട്ടെ- സതീശന്‍ പറഞ്ഞു.

