തിരുവനന്തപുരം:കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെതിരെ (കെ.എഫ്.സി) കോടികളുടെ അഴിമതി ആരോപണം ഉന്നയിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.മുങ്ങാന്‍ പോകുന്ന അനില്‍ അംബാനിയുടെ കമ്പനിയില്‍ 60 കൊടിയുടെ നിക്ഷേപം നടത്തി.2018 ല്‍ ബോര്‍ഡില്‍ പോലും ചര്‍ച്ച ചെയ്യാതെ ആയിരുന്നു നടപടി.2019 ല്‍ കമ്പനി ലിക്വിഡേറ്റ് ചെയ്തു.പലിശ ഉള്‍പ്പെടെ കെ.എഫ്.സി ക്ക് കിട്ടേണ്ടിയിരുന്നത് 101 കോടി, എന്നാല്‍ കിട്ടിയത് 7 കോടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേറ്റ് ഫിനാഷ്യല്‍ കോര്‍പ്പറേഷന്‍ ആക്ട് 1951-ന്റെ 33-ാം വകുപ്പ് അനുസരിച്ച് റിസര്‍വ് ബാങ്കിലോ ദേശസാത്കൃത ബാങ്കിലോ മാത്രമേ പണം നിക്ഷേപിക്കാന്‍ പാടുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘2019-ല്‍ അനില്‍ അംബാനിയുടെ ഈ കമ്പനി പൂട്ടി. തുടര്‍ന്ന്, പാപ്പരത്ത നടപടികളുടെ ഭാഗമായി ഏഴ് കോടി ഒമ്പത് ലക്ഷം രൂപ മാത്രമാണ് തിരിച്ചുകിട്ടിയത്.
സംസ്ഥാന ചെറുകിട ഇടത്തര സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ട ഫണ്ടായിരുന്നു ഇത്. ഒരു ഗ്യാരണ്ടിയുമില്ലാതെയാണ് പണം നിക്ഷേപിച്ചത്. പണം നിക്ഷേപിക്കുമ്പോള്‍ ധനകാര്യ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ നില എന്താണെന്ന് പരിശോധിക്കേണ്ടേ. ഇതൊന്നും പരിശോധിക്കാതെ കമ്മീഷന്‍ വാങ്ങി ഭരണനേതൃത്വത്തിന്റെ അറിവോടെ ചില ഉദ്യോഗസ്ഥരാണ് ഇത് ചെയ്തിരിക്കുന്നത്. പതിനൊന്നാം നിയമസഭാ സമ്മേളനത്തില്‍ ഇക്കാര്യം ധനമന്ത്രിയോട് ചോദിച്ചിരുന്നു. എന്നാല്‍, ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഈ കരാര്‍ രേഖകള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
