മലപ്പുറം: സ്ത്രീയും പുരുഷനും തുല്യരല്ലെന്ന മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്റെ പരാമര്‍ശം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തങ്ങള്‍ ലിംഗനീതിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും സ്ത്രീയും പുരുഷനും തുല്യരാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തില്‍ നോ കോപ്രമൈസെന്നും സ്ത്രീയും പുരുഷനും തുല്യരാണെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. പി.എം.എ സലാമിന്റെ പരാമര്‍ശം വ്യക്തിപരമായ അഭിപ്രായമായിരിക്കുമെന്നും വി.ഡി. സതീശന്‍ പ്രതികരിച്ചു. പി.എം.എ സലാമിന്റെ നിലപാടിനോട് ഒരു യോജിപ്പും ഇല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കഴിഞ്ഞ ദിവസം സ്ത്രീ-പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലെന്നും സാമൂഹ്യ നീതിയാണ് വേണ്ടതെന്നും മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞിരുന്നു.
സ്ത്രീയും പുരുഷനും തുല്യരാണെന്ന് ലോകം അംഗീകരിച്ചിട്ടില്ലെന്നും ഒളിമ്പികിസില്‍ ഉള്‍പ്പടെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ മത്സരങ്ങളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.