കൊച്ചി: സംസ്ഥാനത്ത് സ്ഥിരം മേല്‍വിലാസമുള്ള സ്ഥലത്ത് മാത്രമേ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാകൂ എന്ന ചട്ടത്തില്‍ മാറ്റം വരുത്തി. കേരളത്തില്‍ മേല്‍വിലാസമുള്ള ഒരാള്‍ക്ക് സംസ്ഥാനത്തെ ഏത് ആര്‍ടി ഓഫീസിലും വാഹനം രജിസ്റ്റര്‍ ചെയ്യാം. വാഹന ഉടമയുടെ ആര്‍ടിഒ ഓഫീസ് പരിധിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധനയാണ് മാറ്റിയത്. സ്ഥിരമായ മേല്‍വിലാസം എന്ന ചട്ടത്തിനാണ് മോട്ടോര്‍ മോട്ടോര്‍ വാഹന വകുപ്പ് മാറ്റം വരുത്തിയിരിക്കുന്നത്.
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്.
വാഹനം വാങ്ങിയാല്‍ ഉടമയുടെ മേല്‍വിലാസം ഏത് ആര്‍ടിഒയുടെ പരിധിയിലാണോ അവിടെ മാത്രം രജിസ്റ്റര്‍ ചെയ്യണമെന്നതായിരുന്നു നിലവിലെ രീതി. എന്നാല്‍ ആറ്റിങ്ങലില്‍ വാഹന രജിസ്‌ട്രേഷന്‍ നിഷേധിക്കപ്പെട്ട ഒരു വാഹന ഉടമ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പുതിയ മാറ്റത്തിനുള്ള ഉത്തരവുണ്ടായത്. കേന്ദ്ര ഗതാഗത ചട്ട പ്രകാര വാഹന രജിസ്‌ട്രേഷന്‍ നടത്തണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനമായതോടെ ആര്‍ക്കും എവിടെ വേണമെങ്കിലും രജിസ്‌ട്രേഷന്‍ നടത്താമെന്ന സാഹചര്യവുമുണ്ട്.

