കൊച്ചി: ഗുരുവായൂര്‍ ക്ഷേത്ര നടപ്പന്തലില്‍ വിഡിയോ ചിത്രീകരണത്തിന് നിയന്ത്രണവുമായി ഹൈകോടതി. ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, പി.ജി അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിര്‍ദേശം. വിവാഹ ചിത്രീകരണത്തിനും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രഫി അനുവദിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം
ചിത്രകാരി ജസ്‌ന സലീം ക്ഷേത്ര പരിസരത്ത് പിറന്നാള്‍ കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തര്‍ക്കത്തിലേര്‍പ്പെടുന്നതും ചൂണ്ടിക്കാട്ടി ഇവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പി.പി.വേണുഗോപാല്‍, ബബിത മോള്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. നടപന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും ഹൈകോടതി നിരീക്ഷിച്ചു.
സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്‌ലോഗര്‍മാരുടെ വിഡിയോഗ്രാഫിയും അനുവദിക്കരുത്. കിഴക്കേ നടയിലെ ദീപസ്തംഭത്തിന് സമീപത്തു കൂടി ക്ഷേത്രത്തിന്റെ ഉള്‍വശം ചിത്രീകരിക്കുന്നതും തടഞ്ഞു. ഭക്തരെ തടസപ്പെടുത്തുന്ന നടപടികള്‍ ഇല്ലാതിരിക്കാനുള്ള മുന്‍കരുതല്‍ ക്ഷേത്രം മാനേജിങ് കമ്മിറ്റി കൈക്കൊള്ളണം. ഇതിനായി ആവശ്യമെങ്കില്‍ പൊലീസിന്റെ സഹായം തേടാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.