2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും; ടി.വി.കെയുടെ ആദ്യ സമ്മേളനത്തില്‍ വിജയ്

വിക്രവാണ്ടി: തമിഴ് രാഷ്ട്രീയത്തിലേക്ക് നടന്‍ വിജയ്‌യുടെ മാസ് എന്‍ട്രി. വില്ലുപുരത്ത് നടക്കുന്ന തമിഴക വെട്രി കഴകത്തിന്റെ(ടിവികെ) ആദ്യ സംസ്ഥാന പൊതുസമ്മേളനത്തിനു പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്.വിഴുപ്പുറം വിക്രവാണ്ടിയിലാണ് സമ്മേളനം നടക്കുന്നത്. 110 അടിയുള്ള കൊടിമരത്തിനു മുകളില്‍ ടിവികെയുടെ പാര്‍ട്ടി പതാക ഉയര്‍ത്തി. പാര്‍ട്ടിയുടെ നയപ്രഖ്യാപനവും വേദിയില്‍ നടന്നു.

സമ്മേളനത്തില്‍, രാഷ്ട്രീയത്തിലും മാറ്റം വരണമെന്ന് വിജയ് പറഞ്ഞു. രാഷ്ട്രീയത്തില്‍ താനൊരു കുട്ടിയാണെന്നുള്ള വിമര്‍ശനമുണ്ട്. എന്നാല്‍ പാമ്പായാലും പൊളിറ്റിക്‌സായാലും ഭയമില്ലാതെ അവയെ കൈയിലെടുത്ത് പ്രവര്‍ത്തിക്കാം എന്ന ധൈര്യത്തോട് കൂടിയാണ് ഈ പോരാട്ടം തുടങ്ങിയതെന്നും വിജയ് പറഞ്ഞു.

വിജയ് പാര്‍ട്ടി പതാക ഉയര്‍ത്തിക്കൊണ്ടാണ് ടി.വി.കെയുടെ സമ്മേളനം ആരംഭിച്ചത്. നേരത്തെ പുറത്തിറക്കിയ പാര്‍ട്ടിയുടെ പതാക ഗാനവും സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്തുപാട്ടും സമ്മേളനത്തില്‍ ആലപിക്കുകയുണ്ടായി.

‘ജനിച്ചവരെല്ലാം തുല്യര്‍’ എന്നാണ് പാര്‍ട്ടിയുടെ നയം. സമത്വമുള്ള സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. സാമൂഹിക നീതിയില്‍ ഊന്നിയ മതേതര സമൂഹം പടുത്തുയര്‍ത്തുക എന്നതും പാര്‍ട്ടിയുടെ നയമാണ്.

അഴിമതി എന്നത് ഒരു വൈറസാണെന്നും താന്‍ ആരുടേയും വിശ്വാസത്തെ ഹനിക്കില്ലെന്നും വിജയ് പറഞ്ഞു. പെരിയാറും കാമരാജും അംബേദ്ക്കറും വഴികാട്ടികളാണെന്നും അദ്ദേഹം സമ്മേളനത്തില്‍ വ്യക്തമാക്കി.

സിനിമയുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ ഗൗരവമുള്ള മേഖലയാണ് രാഷ്ട്രീയം. സയന്‍സും ടെക്‌നോളജിയും മാത്രമാണോ മാറേണ്ടതും വികസിക്കേണ്ടതും? എന്തുകൊണ്ട് രാഷ്ട്രീയം മാത്രം മാറാതിരിക്കുന്നു അദ്ദേഹം ആരാഞ്ഞു.

രാഷ്ട്രീയത്തില്‍ ഒത്തുതീര്‍പ്പില്ലെന്നും വിജയ് കൂട്ടിച്ചേര്‍ത്തു. വാക്കിലല്ല കാര്യം പ്രവൃത്തിയിലാണെന്നും അദ്ദേഹം പറഞ്ഞു. ടി.വി.കെ ആരുടേയും എ ടീമോ ബി ടീമോ അല്ലെന്നും പണത്തിന് വേണ്ടിയല്ല, മാന്യമായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു. ഇനി ഒരു പിന്മാറ്റമില്ലെന്നും ശക്തമായി പോരാടുമെന്നും വിജയ് പറഞ്ഞു. ദ്രാവിഡ മോഡല്‍ പറഞ്ഞ് ഡി.എം.കെ ജനങ്ങളെ വഞ്ചിക്കുന്നുവെന്നും വിജയ് വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *