കോഴിക്കോട്:ഇന്ന് വിജയദശമി. അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍. എഴുത്തിനിരുത്ത് നടക്കുന്ന ക്ഷേത്രങ്ങളിലും മറ്റു ഇടങ്ങളിലുമെല്ലാം പുലര്‍ച്ച മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നാല് മണിക്ക് തന്നെ എഴുത്തിനിരുത്ത് ആരംഭിച്ചു. കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ നേതൃത്വം നല്‍കി.
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, ഗുരുവായൂര്‍, നെടുമ്പാശ്ശേരി ആവണംകോട് സരസ്വതീക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര മണ്ഡപം, തൃശൂര്‍ തിരുവുള്ളക്കാവ് എന്നിവിടങ്ങളിലെല്ലാം നിരവധി കുട്ടികളാണ് ആദ്യാക്ഷരം കുറിക്കാന്‍ കുടുംബസമേതം എത്തിയിട്ടുള്ളത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ സരസ്വതി ക്ഷേത്രമായ എറണാകുളം വടക്കന്‍ പറവൂര്‍ ദക്ഷിണ മുകാംബിക ക്ഷേത്രത്തിലും ആദ്യാക്ഷരം കുറിക്കാന്‍ കുരുന്നുകളുമായി എത്തുന്നവരുടെ വലിയ തിരക്കാണ്. ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്താണ് വിദ്യാരംഭത്തിന് തുടക്കം കുറിച്ചത്. ഇതര ജില്ലകളില്‍ നിന്നടക്കം നൂറുകണക്കിന് പേരാണ് ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ എഴുത്തിനിരുത്ത് ചടങ്ങുകള്‍ നടക്കുകയാണ്. കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം, എറണാകുളം ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രം, വടക്കന്‍ പറവൂര്‍ മൂകാംബിക ക്ഷേത്രം, പാലക്കാട് ഹേമാംബിക ക്ഷേത്രം, ആവണംകോട് സരസ്വതി ക്ഷേത്രം, ഞാങ്ങാട്ടിരി വള്ളുവനാടന്‍ മൂകാംബിക ഭഗവതി ക്ഷേത്രം, പന്തളം പാട്ടുപുരക്കാവ് സരസ്വതി ക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര ശ്രീ സരസ്വതി ക്ഷേത്രം, വര്‍ക്കല ശിവഗിരി ശാരദാമഠം സരസ്വതി ക്ഷേത്രം, കണ്ണൂര്‍ മൃദംഗശൈലേശ്വരി ക്ഷേത്രം, കണ്ണൂര്‍ പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രം, മാവേലിക്കര തട്ടാരമ്പലം സരസ്വതി ക്ഷേത്രം തുടങ്ങിയ സരസ്വതി ക്ഷേത്രങ്ങളിലെ വിദ്യാരംഭം ഏറെ പ്രസിദ്ധമാണ്.
