കൊച്ചി: പീഡനം നടന്നെന്ന് ആരോപിക്കുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും തെളിവ് ഉണ്ടെന്നും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍. നിവിന്‍ പോളി തനിക്കൊപ്പം എറണാകുളം ക്രൗണ്‍ പ്ലാസ ഹോട്ടലിലുണ്ടായിരുന്നെന്നാണ് വിനീത് വെളിപ്പെടുത്തിയത്.
2023 ഡിസംബര്‍ 14ന് നിവിന്‍ ഉണ്ടായിരുന്നത് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയുടെ സെറ്റിലാണ്. സിനിമയുടെ ക്ലൈമാക്‌സ് സീന്‍ ഷൂട്ടിലായിരുന്നു ഞങ്ങളെല്ലാവരും. 15ന് പുലര്‍ച്ചെ മൂന്ന് വരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നു. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. സെറ്റില്‍ ഫോട്ടോ എടുത്ത സ്റ്റില്‍സ് നോക്കിയാല്‍ തീയതി അറിയാനും സാധിക്കും. തെളിവുകള്‍ നിരവധിയുണ്ട്. യാഥാര്‍ഥ്യം ഉടന്‍ തെളിയണമെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
ഡിസംബര്‍ 14 രാവിലെ മുതല്‍ നിവിന്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. തൃപ്പൂണിത്തുറ നൂക്ലിയസ് മാളിലായിരുന്നു ഷൂട്ട് തുടങ്ങിയത്. എട്ട് മണിയോടെ നിവിന്‍ ഷൂങ്ങിങ് സെറ്റില്‍ എത്തിയിരുന്നു. അന്ന് ക്രൗഡായി അഭിനയിക്കാന്‍ വന്ന ആളുകളും അവിടെയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് അത് തെളിയിക്കാന്‍ പാടുണ്ടാവില്ല.വിനീത് പറഞ്ഞു.
അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് നിവിനെതിരെ എറണാകുളം ഊന്നുകല്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതി. ഊന്നുകല്‍ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
