കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥിനി വിസ്മയ ജീവനൊടുക്കിയ കേസില്‍ പരോള്‍ അനുവദിച്ചതിന് പിന്നാലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരണ്‍ കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചു.
വിസ്മയയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കിരണ്‍ കോടതിയെ സമീപിച്ചത്. ആത്മഹത്യ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നും മാധ്യമവിചാരണയുടെ ഇരയാണ് താനെന്നും കിരണ്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവായ കിരണിനെ പത്ത് വര്‍ഷത്തെ തടവിനും 12.55 ലക്ഷം രൂപ പിഴക്കുമാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. എന്നാല്‍, ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള കിരണിന്റെ ഹരജി 2022 ഡിസംബര്‍ 13ന് ഹൈകോടതി ഡിവിഷന് ബെഞ്ച് തള്ളിയിരുന്നു.
കിരണിന് പൊലിസ് റിപ്പോര്‍ട്ട് എതിരായിട്ടും ജയില്‍ മേധാവി ഡിസംബര്‍ 30ന് പരോള്‍ അനുവദിച്ചിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കിരണ്‍ പരോളിന് ആദ്യം അപേക്ഷ നല്‍കിയെങ്കിലും പെബ്രേഷന്‍ റിപ്പോര്‍ട്ടും പൊലീസ് റിപ്പോര്‍ട്ടും എതിരായതിനാല്‍ ജയില്‍ സൂപ്രണ്ട് അപേക്ഷ തള്ളി. എന്നാല്‍, രണ്ടാമത് നല്കിയ അപേക്ഷയില്‍ പ്രൊബേഷന്‍ റിപ്പോര്‍ട്ട് അനുകൂലമായും പൊലീസ് റിപ്പോര്‍ട്ട് പ്രതികൂലമായും വന്നു. എന്നാല്‍, ജയില്‍ മേധാവി 30 ദിവസത്തെ പരോള്‍ അനുവദിക്കുകയായിരുന്നു.

