‘ചോറ് ഇവിടെയും കൂറ് അവിടെയും’; തൃശൂര്‍ മേയര്‍ക്കെതിരെ വിഎസ് സുനില്‍കുമാര്‍

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗീസിനെതിരെ സി.പി.ഐ നേതാവ് വി.എസ്.സുനില്‍കുമാര്‍.ബിജെപിയുടെ സ്‌നേഹ സന്ദേശ യാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എംകെ വര്‍ഗീസിനെ സന്ദര്‍ശിച്ച് കേക്ക് കൈമാറിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് മേയര്‍ക്കെതിരെ തുറന്നടിച്ച് വിഎസ് സുനില്‍ കുമാര്‍ രംഗത്തെത്തിയത്.

‘ചോറ് ഇവിടെയും കൂറ് അവിടെയുമുള്ള ഒരാളാണ് മേയര്‍. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി നേരിട്ടും അല്ലാതെയും പ്രവര്‍ത്തിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മേയര്‍ ആയിരിക്കുന്നയാളാണ് തൃശൂരിലുള്ളത്. ഇടതുപക്ഷത്തിന്റെ ചിലവില്‍ ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ്.അങ്ങനെയുള്ള ഒരാളുടെ അടുത്തേക്ക് ബി.ജെ.പി അധ്യക്ഷന്‍ കേക്കുമായി ചെന്നതില്‍ വലിയ അത്ഭുതമൊന്നും തോന്നുന്നില്ല. വഴിതെറ്റി പോയതല്ലെന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തിയില്‍ കോര്‍പറേഷനില്‍ അവിശ്വാസ പ്രമേയത്തിന് ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളതു കൊണ്ട് എല്‍.ഡി.എഫ് അഡ്ജസ്റ്റ് ചെയ്തു പോകുകയാണ്. ആ അഡ്ജസ്റ്റുമന്റിനോട് എനിക്ക് യോജിക്കാനാവില്ല’. -വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.

ചോറ് ഇവിടെയാണെങ്കിലും കൂറ് അവിടെയാണെന്നത് അന്ന് തന്നെ അദ്ദേഹം തെളിയിച്ചിട്ടുള്ളതാണ്. മേയറെ മാറ്റേണ്ടത് ഇടതുപക്ഷ ജനാധിപത്യ മുന്നണി തീരുമാനിക്കേണ്ട കാര്യമാണ്. എന്ത് ചെയ്താലും സ്ഥാനം നഷ്ടപെടില്ലെന്ന് അദ്ദേഹത്തിന് അറിയാമെന്നും എന്ത് ചെയ്താലും സഹിക്കേണ്ട നിലപാടിലേക്ക് വന്നാല്‍ നമുക്ക് ഒന്നും ചെയ്യാനാകില്ലെന്നും വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *