കല്‍പ്പറ്റ: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്. കുറിപ്പില്‍ ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട്.കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. പ്രിയങ്ക ഗാന്ധി, വി.ഡി. സതീശന്‍, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കാണ് കത്തെഴുതിയിരിക്കുന്നത്.
നിയമനത്തിന്റെ പേരില്‍ പണം വാങ്ങിയത് എം.എല്‍.എയാണെന്ന് കുറിപ്പില്‍ പറയുന്നുണ്ട്. അഞ്ചില്‍ അധികം പേജുകള്‍ ഉള്ളതാണ് കുറിപ്പ്. നിയമനത്തിന്റെ പേരില്‍ പണം വാങ്ങിയവരില്‍ ഡി.സി.സി സെക്രട്ടറിയും പ്രസിഡന്റ് എന്‍.ഡി അപ്പച്ചനും ഉണ്ടെന്നാണ് വിവരം.
വലിയ ബാധ്യതകള്‍ ഉണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും കെപിസിസി നേതൃത്വത്തിന് എല്ലാം അറിയാമെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. എന്‍ ഡി അപ്പച്ചനും ഐ സി ബാലകൃഷ്ണനും പണം വാങ്ങാന്‍ ആവശ്യപ്പെട്ടു എന്ന് കൃത്യമായി കത്തില്‍ പറയുന്നുണ്ട്.
മുന്‍ ഡി.സി.സി പ്രസിഡന്റ് അടക്കമുള്ളവര്‍ പണം വാങ്ങിയെങ്കിലും ബാധ്യത മുഴുവന്‍ തന്റെ പേരിലായെന്നും കോണ്‍ഗ്രസിന് വേണ്ടി ജീവിച്ച് ജീവിതം നശിച്ചെന്നും എന്‍.എം. വിജയന്‍ കുറിപ്പില്‍ പറയുന്നുണ്ട്.
ബത്തേരി കാര്‍ഷിക ബാങ്ക്, ബത്തേരി അര്‍ബന്‍ സഹകരണ ബാങ്ക് എന്നീ രണ്ട് ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ട് ഒരുപാട് ആളുകളില്‍ നിന്നും പണം വാങ്ങിയെങ്കിലും നിയമനം നടത്താന്‍ സാധിച്ചില്ല. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായി കെ.പി.സി.സി പ്രസിഡന്റിനെ സമീപിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
അതേസമയം കത്തിലെ ആരോപണങ്ങള്‍ ഐ.സി.സി ബാലകൃഷണന്‍ നിഷേധിച്ചു. പൊലീസ് കുറിപ്പിനെപ്പറ്റി അന്വേഷിക്കട്ടെയെന്നും സത്യസന്ധമായ അന്വേഷണം നടത്തി തെറ്റുകാരനാണെങ്കില്‍ തന്നെ ശിക്ഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പണം വാങ്ങാന്‍ താന്‍ പറഞ്ഞിട്ടില്ലെന്നും രാജിക്കാര്യം പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും ഐ.സി. ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

