തിരുവനന്തപുരം; മുണ്ടക്കൈ-ചൂരല്‍ മല ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി രണ്ട് ടൗണ്‍ഷിപ്പ് പദ്ധതികള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഹാരിസണ്‍ മലയാളത്തിന്റെ നെടുമ്പാല എസ്റ്റേറ്റിലെ 58.5 ഹെക്ടര്‍ ഭൂമിയും കല്‍പറ്റ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ 48.96 ഹെക്ടര്‍ ഭൂമിയിലുമാണ് മോഡല്‍ ടൗണ്‍ഷിപ് പദ്ധതി നിലവില്‍ വരുക. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം പുനരധിവാസ പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു.
രണ്ട് ടൗണ്‍ഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയില്‍ ഒറ്റനിലയുള്ള വീടുകളാണ് പദ്ധതിയിലുള്ളത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്കാണ് വീടുകളുടെ നിര്‍മാണ ചുമതല. കിഫ്‌കോണിനാണ് നിര്‍മാണത്തിന്റെ മേല്‍നോട്ടം.
നെടുമ്പാല എസ്റ്റേറ്റില്‍ പത്ത് സെന്റ് സ്ഥലത്തായിരിക്കും വീടുകള്‍ നിര്‍മിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
വീടുകളുടെ ഡിസൈനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. രണ്ട് നില കെട്ടുന്നതിനുള്ള സൗകര്യം കൂടി വെച്ചുകൊണ്ടാണ് തറ പണിയുക. ടൗണ്‍ഷിപ്പിന്റെ രൂപരേഖയുടെ വീഡിയോ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
സ്‌കൂള്‍, ആശുപത്രി, പ്രാഥമിക ആരോഗ്യ കേന്ദ്രം. വാണിജ്യ കെട്ടിടങ്ങള്‍, അംഗന്‍വാടി, മൃഗാശുപത്രി, മാര്‍ക്കറ്റ്, സ്പോര്‍ട്സ് ക്ലബ്, ലൈബ്രറി ഉള്‍പ്പടെയുള്ള സൗകര്യങ്ങളോടു കൂടിയ ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് പദ്ധതി.

