കോഴിക്കോട്: ‘അമ്മ’യിലെ കൂട്ട രാജിക്ക് പിന്നാലെ ഫെയ്‌സ്ബുക്ക് കുറിപ്പുമായി ഡബ്ല്യൂ.സി.സി. പ്രവര്‍ത്തിക്കാനുള്ള ഞങ്ങളുടെ ആഹ്വാനമാണിത് എന്ന തലക്കെട്ടിലാണ് കുറിപ്പ് പങ്കുവെച്ചത്.
‘പുനരാലോചിക്കാം, പുനര്‍നിര്‍മിക്കാം, മാറ്റങ്ങള്‍ക്കായി ഒന്നിച്ചുനില്‍ക്കാം. നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്. നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാം’ എന്നാണ് സംഘടനയുടെ പോസ്റ്റിലുള്ളത്.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ രൂക്ഷമാകുന്നതിനിടെ ചൊവ്വാഴ്ചയാണ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചുകൊണ്ട് മോഹന്‍ലാല്‍ പത്രക്കുറിപ്പ് പുറത്തിറക്കിയത്. ‘അമ്മ’ ഭരണസിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടിവന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെക്കുന്നുവെന്നാണ് പത്രക്കുറിപ്പില്‍ മോഹന്‍ലാല്‍ പറഞ്ഞത്. 17 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ഇതിനൊപ്പം പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡബ്ല്യൂ.സി.സി പോസ്റ്റ് പങ്കിട്ടത്.
