പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങും

ഡല്‍ഹി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് തുടങ്ങും. അദാനി വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വലിയ പ്രതിഷേധം ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. വഖഫ് ഭേദഗതിബില്‍, ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പുള്‍പ്പെടെ 16 ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കും.

ഊര്‍ജ്ജ പദ്ധതി സ്വന്തമാക്കാന്‍ അദാനി ഇന്ത്യന്‍ ഉദ്യാഗസ്ഥര്‍ക്ക് കോഴ നല്‍കി എന്നതില്‍ ചര്‍ച്ചയാവശ്യപ്പെട്ട് ലോക്സഭയില്‍ കോണ്‍ഗ്രസ് അടിയന്തിര പ്രമേയ നോട്ടീസ് നല്‍കും. രാവിലെ പത്തുമണിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഇന്‍ഡ്യ സഖ്യത്തിന്റെ യോഗം വിളിച്ചിട്ടുണ്ട്.

സിപിഐഎം ജനറല്‍ സെക്രട്ടറി സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി ഉള്‍പ്പെടെ കഴിഞ്ഞ സമ്മേളന കാലത്തിന് ശേഷം അന്തരിച്ച അംഗങ്ങള്‍ക്കും മുന്‍ അംഗങ്ങള്‍ക്കും അനുശോചനം രേഖപ്പെടുത്തിയ ശേഷമായിരിക്കും ലോക്സഭാ നടപടികള്‍ ഇന്ന് ആരംഭിക്കുക. യെച്ചൂരിക്ക് അനുശോചനം രേഖപ്പെടുത്തി രാജ്യസഭ ഇന്ന് പിരിയും.

അദാനി വിഷയം ചര്‍ച്ചചെയ്യുന്നതടക്കമുള്ള കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ബിസിനസ് ഉപദേശകസമിതിയാണെന്നും പ്രധാനമന്ത്രിക്കും സമിതിക്കും മുന്‍പാകെ വിവരമറിയിക്കാമെന്നും സര്‍വകക്ഷിയോഗത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞിരുന്നു. പ്രതിപക്ഷാംഗങ്ങള്‍ വിഷയമുന്നയിച്ചപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. പാര്‍ലമെന്റ് സമ്മേളനത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ 10-ന് പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *