പൊലീസ് വെടിവച്ചാലും സമരം ഇവിടെ നില്‍ക്കില്ല,ആക്രമിച്ച ഓരോ പൊലീസുകാരനെയും വ്യക്തിപരമായി നാട്ടില്‍ വച്ച് കണ്ടുമുട്ടും: കെ.സുധാകരന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സംഭവസ്ഥലത്തെത്തി പൊലീസിനെ വെല്ലുവിളിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ”പൊലീസ് ഉദ്യോഗസ്ഥരുണ്ടെങ്കില്‍ ഞാന്‍ അവരോടു പറയുകയാണ്. പൊലീസ് അല്ല പട്ടാളം വന്നാലും വെടിവച്ചാലും സമരം ഇവിടെ നില്‍ക്കില്ല. കയ്യാങ്കളി കളിച്ച് ആയുധം കാട്ടി ഭീഷണിപ്പെടുത്തി മര്‍ദിച്ച് ചോരവീഴ്ത്തി ഞങ്ങളെ ഒതുക്കാന്‍ നോക്കേണ്ട. അതിനു ശ്രമിക്കുന്ന ഓരോ പൊലീസുകാരനെയും ഞങ്ങള്‍ വ്യക്തിപരമായി നാട്ടില്‍ വച്ച് കണ്ടുമുട്ടും. ഒരു സംശയവും വേണ്ട നാളെ മുതല്‍ നിങ്ങള്‍ നോക്കിക്കോളൂ.” – സുധാകരന്‍ പറഞ്ഞു.

എന്താണു പ്രവര്‍ത്തകര്‍ ചെയ്ത തെറ്റെന്നും സുധാകരന്‍ ചോദിച്ചു. ”സിന്ദാബാദ് വിളിച്ചതാണോ പ്രശ്നം. മുദ്രാവാക്യം വിളിച്ചതിനു തലയ്ക്കടിച്ചു വീഴ്ത്തി കൊല്ലാനാണോ നോക്കുന്നത്. അങ്ങനെ നിയമമുണ്ടോ ഇവിടെ. ഏതു പൊലീസിനാണ് അതിന് അധികാരമുള്ളത്. പൊലീസുകാര്‍ അറസ്റ്റ് ചെയ്തു മാറ്റണം. അല്ലാതെ തലയ്ക്ക് അടിക്കുകയല്ല.അഭിമാനമുള്ള അന്തസുള്ള എത്ര പൊലീസുകാരുണ്ട് ഈ കൂട്ടത്തില്‍. കാട്ടുമൃഗങ്ങളെ പോലെയല്ലേ തല്ലിയത്. പാര്‍ട്ടി സമരം ഏറ്റെടുക്കുമെന്നും ആക്രമിച്ച പൊലീസുകാരെ വ്യക്തിപരമായി നേരിടാനാണു ഞങ്ങളുടെ തീരുമാനമെന്നും. അപ്പോള്‍ കാണാം സിപിഎമ്മിന് എന്ന് സുധാകരന്‍ പറഞ്ഞു.സമരം അടിച്ചമര്‍ത്താന്‍ കഴിയില്ല. ഒരു അബിന്‍ വര്‍ക്കിയല്ല നൂറ് അബിന്‍ വര്‍ക്കിമാര്‍ വരും. അതിനുള്ള കരുത്തു കോണ്‍ഗ്രസിനുണ്ട്. അത് ഓര്‍ക്കുന്നതാണ് നല്ലത്, സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *