തൃശൂര്‍: ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് ആഘോഷത്തെ പരോക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മിലിത്തിയോസ്.
കേരളമുള്‍പ്പെടെ പലയിടത്തും ക്രിസ്മസ് ആഘോഷങ്ങള്‍ തടയുകയും അതേസമയം ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷിക്കുകയും ചെയ്യുന്ന ബി.ജെ.പിയുടെ ഇരട്ടത്താപ്പിലാണ് വിമര്‍ശനവുമായി മെത്രാപ്പോലീത്ത യൂഹാനോന്‍ മിലിത്തിയോസ് രംഗത്തെത്തിയത്. ‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുല്‍ക്കൂട് വന്ദിക്കുന്നു. ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ..!’ എന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റില്‍ വിമര്‍ശിച്ചു.
ഡല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് ബി.ജെ.പിയുടെയും പ്രധാനമന്ത്രിയുടെയും നാടകമെന്ന് യൂഹാനോന്‍ മിലിത്തിയോസ് പ്രതികരിച്ചു. ‘ഒരു ഭാഗത്ത് പ്രധാനമന്ത്രി ക്രൈസ്തവ സമൂഹത്തെ ചേര്‍ത്തുനിര്‍ത്തുന്നതായി കാണിക്കാന്‍ ശ്രമിക്കുന്നു. മറുവശത്ത് ആര്‍.എസ്.എസിന്റെ സംഘടനകള്‍ കേരളത്തിലുള്‍പ്പെടെ പുല്‍ക്കൂടും അലങ്കാരങ്ങളും നശിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇത് ഇവിടെ മാത്രമുള്ള സംഭവമല്ല. രാജ്യത്ത് പൊതുവേ സവര്‍ണഹിന്ദുത്വം മാത്രം മതി എന്ന സവര്‍ക്കറുടെയും മറ്റും ചിന്തക്ക് അനുസൃതമായ കാര്യമാണ് നടക്കുന്നത്. വലിയ പ്രതിഷേധം ഉണ്ടാവാതിരിക്കാനാണ് സഭാ നേതാക്കളെ താല്‍ക്കാലികമായി പ്രീതിപ്പെടുത്തുന്നത്’- യൂഹാനോന്‍ മിലിത്തിയോസ് പറഞ്ഞു.
ഡല്‍ഹിയിലെ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ആസ്ഥാനത്ത് നടന്ന ആഘോഷപരിപാടികളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായി പങ്കെടുത്തത്.

